മാവോവാദി സാന്നിധ്യമുണ്ടെന്ന് കരുതുന്ന കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കോളനിയിൽ അന്വേഷിച്ചെത്തി. സർവസന്നാഹങ്ങളോടെയാണ് പൊലീസ് സംഘം കോളനിയിലെത്തിയത്. വഴിക്കടവ് റെയ്ഞ്ച് വനത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് ഹിന്ദി സംസാരിക്കുന്ന യുവതിയെ കണ്ടെത്തിയത്. എന്നാൽ ഇവർ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണെന്ന് മനസിലായതോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ജനവാസ കേന്ദ്രത്തിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലുള്ള കോളനിയിൽ ബീഹാർ സ്വദേശിനിയായ യുവതി എങ്ങനെ എത്തിപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ല. കോളനിവാസികൾ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസെത്തി യുവതിയെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ടീ ഷർട്ടും പാന്റ്‌സും അതിനു പുറത്ത് സാരിയും ധരിച്ചിരുന്ന ഇവർക്ക് 24 വയസ്സു പ്രായം തോന്നിക്കും. ഹിന്ദിയാണ് സംസാരിക്കുന്നത്. ബുധനീ ദേവിയെന്നും ദിൽഷൻ യാദവെന്നും മാതാപിതാക്കളുടെ പേരുപറയുന്ന യുവതി കാളിമന്ദിറിനു സമീപം, പൂർണ്ണിയ ജില്ല, പറ്റ്‌ന, ബീഹാർ എന്നതാണ് മേൽവിലാസമായി പറയുന്നത്. ആഷിഷ് യാദവ് എന്നയാളാണ് ഭർത്താവെന്നും ആറു വയസ്സുള്ള മകളുണ്ടെന്നും പറയുന്നു. യുവതിയെ മൂന്നു ദിവസം മുമ്പ്, വഴിക്കടവ് നാടുകാണി അതിർത്തിക്കടുത്ത് ജാറത്തിനു സമീപം കണ്ടതായി ഡ്രൈവർമാരും പറഞ്ഞു.
വന്യജീവികളുടെ വിഹാരകേന്ദ്രമായ നെല്ലിക്കുത്ത് വനാന്തർഭാഗത്താണ് പുഞ്ചക്കൊല്ലി കോളനി. കാട്ടിലൂടെ കാൽനടയാത്ര ചെയ്ത് കോളനിയിലെത്തിയതാവാനാണ് സാധ്യത. രാത്രി കാട്ടിൽ കിടക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലിസ് അന്വേഷിക്കുന്നു.