ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ സ്ത്രീകളായ ഡെലിവറി ജീവനക്കാർക്കായി പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആണ് സൊമാറ്റോ പുതിയ ഡ്രസ് കോഡ് കൊണ്ടുവന്നത്. സാധാരണയായി ടി-ഷർട്ടുകൾ ആണ് സോമറ്റോയുടെ യൂണിഫോം. അതിൽ നിന്നും വ്യത്യസ്തമായി കുർത്തകൾ ധരിക്കാനുള്ള ഓപ്ഷൻ വനിതാ ജീവനക്കാർക്ക് നൽകിയിരിക്കുകയാണ് സോമറ്റോ.
നിലവിലുള്ള വസ്ത്രധാരണത്തിൽ, നിരവധി സ്ത്രീ ഡെലിവറി ജീവനക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.
ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോ പോസ്റ്റിലൂടെയാണ് സോമറ്റോ ഈ പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് ഈ പോസ്റ്റ് ശ്രദ്ധ നേടിയത്. ഇതുവരെ തൊണ്ണൂറു ലക്ഷത്തോളം ആളുകൾ ഈ വിഡിയോ കണ്ടു. 200,000 ലൈക്കുകളും നേടി. പുതുതായി അവതരിപ്പിച്ച കുർത്തകൾ ധരിക്കുന്ന സ്ത്രീ ഡെലിവറി ജീവനക്കാർ ഈ തീരുമാനം എടുത്തതിന് കമ്പനിയോട് നന്ദി പ്രകടിപ്പിക്കുന്നത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.