വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യത്തെയോ ലിംഗ വ്യക്തിത്വത്തെയോ സ്വാധീനിക്കുന്ന തരത്തിൽ കൗൺസിലിംഗ് പാടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. കൊല്ലം സ്വദേശിയായ യുവതിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. ഹേബിയസ് കോർപ്പസ് ഹർജിയുടെ നടപടിക്രമത്തിനിടെ കേരളാ ഹൈക്കോടതി പെൺകുട്ടികളെ കൗൺസിലിങിന് വിധേയരാക്കാൻ ഉത്തരവിട്ടതിനെതിരെയാണ് ചീഫ് ജസ്റ്റിസിന്റെ തിരുത്ത്.
കൗൺസിലിംഗിന് വിധേയരാകാൻ കോടതി നിർദ്ദേശിച്ച വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യത്തെയോ ലിംഗ വ്യക്തിത്വത്തെയോ സ്വാധീനിക്കുന്ന തരത്തിൽ കൗൺസിലിംഗ് നടപടിയെ മാറ്റരുതെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞു. വ്യക്തിയുടെ ലൈംഗിക വ്യക്ത്വതത്തെ മാറ്റുകയല്ല കൗൺസിലിംഗ് നടപടിയുടെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. സ്വവർഗ പങ്കാളിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ മലയാളി യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് ഉണ്ടായിരുന്നത്.
കൊല്ലം സ്വദേശികളായ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയ ബന്ധം വീട്ടുകാർ തടഞ്ഞതോടെയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ പങ്കാളിയായ യുവതി, മാതാപിതാക്കളുടെ തടങ്കലില്‍ ആണെന്നും ചൂണ്ടിക്കാട്ടി കൊല്ലം മങ്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. നേരത്തെ പാരതിക്കാരിയായ യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പങ്കാളിയെ കൗൺസിലിംഗിന് വിടാനായിരുന്നു കോടതി ഉത്തരവ്. തടങ്കലിൽ കഴിയുന്നുവെന്ന് ഹർജിക്കാരി ആരോപിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി റിപോർട്ട് നൽകാൻ സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായര്‍ക്ക് കേസ് പരിഗണിച്ച ബെഞ്ച് ചുമതല നൽകിയിരുന്നു. മൊഴിയിൽ തനിക്ക് മാതാപിതാക്കൾക്ക് ഒപ്പമാണ് കഴിയാൻ താത്പര്യമെന്നും ഹർജിക്കാരി തന്റെ സുഹൃത്താണെന്നും വിവാഹം താത്പര്യമില്ലെന്നും അറിയിച്ചതോടെ കേസ് കോടതി തീർപ്പാക്കി. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകർ ശ്രീറാം പാറക്കാട്ട്, വിഷ്ണു ശങ്കർ ചിതറ എന്നിവർ ഹാജരായി.