ഓർമയിലെ ഇന്ന് മാർച്ച് – 11 : തിക്കുറിശ്ശി സുകുമാരൻ നായർ

At Malayalam
3 Min Read

മലയാള സിനിമയിലെ ആദ്യ സൂപ്പർതാരം തിക്കുറിശ്ശി സുകുമാരൻ നായരുടെ 27-ാം ചരമവാർഷികം.

നായകൻ, ഉപനായകൻ . പ്രതിനായക വേഷങ്ങളിൽ അരങ്ങുവാണ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ മലയാള സിനിമയുടെ കാരണവർ, മലയാള സിനിമയുടെ തുടക്കം മുതൽ വളർന്ന പ്രതിഭയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ. നടൻ, നാടകകൃത്ത്, നിർമ്മാതാവ്, സംവിധായകൻ, ഗാനരചയിതാവ് തുടങ്ങി സിനിമയിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളുണ്ടായിരുന്നില്ല.
ഉർവ്വശി ഭാരതി, അച്ഛന്റെ ഭാര്യ, പളുങ്കുപാത്രം, സരസ്വതി, നഴ്സ്, പൂജാപുഷ്പം, ശരിയോ തെറ്റോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ്. 1950 ൽ സ്ത്രീ എന്ന ചിത്രത്തിൽ ചിദംബരനാഥ് സംഗീതം നൽകി താൻ തന്നെ രചിച്ച താമരത്താരിതള്‍ കണ്മിഴി… എന്ന ഗാനം ആലപിയ്ക്കുകയും ചെയ്തു.
പൂമെത്തപ്പുറത്തു നിന്നെ ഞാൻ…
കുറുമൊഴിയോ കുരുക്കുത്തിയോ…
മധുമൊഴി മദമറിമാൻമിഴി…
നിന്റെ നീലത്താമരമിഴികൾ…
പതിതന്നെ പരദൈവതം…
പ്രേമത്തിന്‍ മുരളിയുമൂതി…
കമലലോചനാ കണ്ണാ…
ശ്രീ പത്മനാഭാ ശ്രീമാതിൻകാന്താ…
വിരലുകളില്ലാത്ത വിദ്വാന്റെ…
കസ്തൂരിപ്പൊട്ടു മാഞ്ഞു…
കോടി ജന്മമെടുത്താലും…
കാമിനീ നിൻ കാതര മിഴികളിൽ…
അക്കരെ നിക്കണ ചക്കരമാവിലെ…
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ…
നിശീഥിനി നിശീഥിനി…
കാർകൂന്തൽ കെട്ടിലെന്തിന് വാസനത്തൈലം….

ഉൾപ്പെടെ നൂറിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

- Advertisement -

ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അന്ധൻ, മിഥുനത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ പരമു പിള്ള, വരവേല്പിലെ ആപല്‍ബാന്ധവൻ ഗോവിന്ദൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ചിലത്. മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബർ 16-ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ ജനിച്ചു . ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ മൂത്ത സഹോദരിയായിരുന്നു. ചെറുപ്പത്തിൽ തന്നെ കവിതകളെഴുതുന്നതിൽ അസാമാന്യ മികവ് തെളിയിച്ചിരുന്നു. എട്ടാമത്തെ വയസ്സിലാണ് ആദ്യകവിത രചിച്ചത്. പിന്നീട് കെടാവിളക്ക് എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതുവരെയുള്ള സംഗീത നാടകങ്ങൾ മാറ്റി റിയലിസ്റ്റിക് നാടകങ്ങൾക്ക് ജനകീയമുഖം നൽകുന്നതിൽ ശ്രദ്ധപുലർത്തി. മരീചിക, കലാകാരൻ എന്നീ പേരുകളിൽ എഴുതിയ സ്ത്രീ, മായ, ശരിയോ തെറ്റോ എന്നീ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. മലയാളത്തിലെ പന്ത്രണ്ടാമത്തെ ചിത്രമായ തിക്കുറിശ്ശിയുടെ ‘ജീവിത നൗക’ അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന സർവ്വ റെക്കോഡുകളും ഭേദിച്ചു. തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും ജീവിതനൗക ആയിരുന്നു. അവിടങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് 1952-ൽ നവലോകം എന്ന ചിത്രത്തിൽ മിസ് കുമാരിയോടൊപ്പം അഭിനയിച്ചു. അതേ വർഷം പുറത്തിറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളിലൂടെ സൂപ്പർസ്റ്റാർ പദവി ഭദ്രമാക്കി. 1968-ൽ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിലും അഭിനയിച്ചു. ഹരിശ്ചന്ദ്രയിലെ
ആത്മവിദ്യാലയമേ….. എന്ന പാട്ട് കേൾക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല തോൽ വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. 47 വർഷം സിനിമയിൽ നിറഞ്ഞുനിന്ന തിക്കുറിശ്ശി വിശപ്പിന്റെ വിളി, ഇരുട്ടിന്റെ ആത്മാവ്, സ്വയംവരം, ഉമ്മ, ഭക്തകുചേല, നദി, തുലാഭാരം, മായ, ആഭിജാത്യം, സര്‍വ്വേക്കല്ല്, ആവനാഴി, ആര്യൻ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.​ 1953-ൽ ശരിയോ തെറ്റോ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിന്റെ അതേ പേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട്, സത്യൻ, പ്രേം നസീർ, മധു, കെ.പി. ഉമ്മർ, ജയൻ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പല പ്രശസ്ത അഭിനേതാക്കളുടെയും പേരുകൾ മാറ്റിയത് തിക്കുറിശ്ശിയാണ്. അബ്ദുൾ ഖാദറിനെ പ്രേംനസീറാക്കി പേരുമാറ്റിയ അദ്ദേഹം ദേവസ്യയെ (രാജൻ പി. ദേവിന്റെ അച്ഛൻ) എസ്.ജെ. ദേവും മാധവൻ നായരെ മധുവും കെ. ബേബി ജോസഫിനെ ജോസ് പ്രകാശും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവും ജോൺ വർക്കിയെ ജെ. ശശികുമാറുമാക്കി. മോഹൻലാൽ ,പ്രിയദർശൻ എന്നിവരുടെ മക്കൾക്ക് പേരിട്ടതും തിക്കുറിശ്ശി തന്നെ. 1989-ൽ ഇളയമകൾ കനകശ്രീയുടെ അകാലമരണം അദ്ദേഹത്തെ ആകെ തളർത്തി. പിന്നീട് കാഷായവേഷം ധരിച്ചാണ് അദ്ദേഹം ജീവിച്ചത്. 1996-ൽ പുറത്തിറങ്ങിയ ഏപ്രിൽ 19-ലാണ് അവസാനമായി അഭിനയിച്ചത്. 1997 മാർച്ച് 11-ന് അന്തരിച്ചു. 1973-ൽ പത്മശ്രീ, 1972 -ൽ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം (മായ), 1993 -ൽ ജെ.സി. ഡാനിയേൽ പുരസ്കാരം എന്നിവയടക്കം 200-ലേറെ അംഗീകാരങ്ങൾ ലഭിച്ചു.
എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു. മദ്യത്തിനു വേണ്ടിയും എതിർത്തും കവിതകളെഴുതി – ‘മദ്യം സുപേയം’. മറ്റൊന്ന് ‘മദ്യം നപേയം’. അഭിനയം സിനിമയിൽ മാത്രമേയുള്ളു. നേരേ വാ, നേരേ പോ അതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി.

Share This Article
Leave a comment