രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നിലവിൽ വന്നു. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. 2019ൽ പാർലമെൻ്റ് പാസാക്കിയ സിഎഎ, ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്.
പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പ്രക്ഷോഭങ്ങൾക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.