ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു

At Malayalam
1 Min Read

മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി.ജെ.പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയും ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിലെത്തിയ എ.കെ. നസീറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, സി.പി.എം നേതാവ് എം. സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.30 വർഷത്തോളം ബി.ജെപി അംഗമായിരുന്നു നസീർ. മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി.ജെ.പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ഇതിനാലാണ് പാർട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷമായി ഇതേക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും നസീർ കൂട്ടി​ച്ചേർത്തു.

എം.ടി. രമേശ്​ പ്രതിയായ മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമീഷൻ അംഗമായിരുന്നു നസീർ. വര്‍ക്കല എസ്.ആര്‍, ചെര്‍പ്പുളശേരി കേരള എന്നീ മെ‍ഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന പേരില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.കുമ്മനം രാജശേഖരന്‍ ബി.ജെ.പി അധ്യക്ഷനായിരിക്കെ നസീറിന്‍റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണ കമീഷന്‍റെ റിപ്പോര്‍ട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്. ഈ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് എ.കെ. നസീറിനെ പാർട്ടിയിൽനിന്ന് സസ്​പെൻഡ് ചെയ്തിരുന്നു.

Share This Article
Leave a comment