ഇന്ന് ശിവരാത്രി: ഒരുങ്ങി ആലുവ മണപ്പുറം

At Malayalam
1 Min Read

ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തുന്നത്. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും.

ആലുവയിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിനായി കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്.210 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ആലുവ, വടക്കൻ പറവൂർ, മാള, പുതുക്കാട്, പെരുമ്പാവൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, അങ്കമാലി ഡിപ്പോകളിൽനിന്നാണ് ഈ സർവീസുകൾ. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ മണപ്പുറം സ്റ്റാൻഡിൽനിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് ഗാന്ധി സ്ക്വയർ സ്റ്റോപ്പിൽ നിന്നും ചേർത്തല ഭാഗത്തേക്ക് നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നുമാകും സർവീസ് നടത്തുക. മണപ്പുറത്ത് താൽക്കാലികമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിച്ച് വരുന്നുണ്ട്. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും ഇന്ന് രാത്രി 11.30 വരെ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്. മാര്‍ച്ച് 9ന് പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും

Share This Article
Leave a comment