രാജ്യത്ത് ആദ്യമായി മുംബൈയില്‍ പോഡ് ടാക്സി സർവീസ് വരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍മുതല്‍ ബാന്ദ്ര – കുര്‍ള കോംപ്ലക്സ് വഴി കുര്‍ള റെയില്‍വേ സ്റ്റേഷന്‍വരെയുള്ള 8.8 കിലോമീറ്ററിലാണ് പുതിയ ഗതാഗതസംവിധാനം വരുന്നത്.
1016.38 കോടിരൂപയാണ് പോഡ് ടാക്സി എന്നറിയപ്പെടുന്ന ഈ ഓട്ടോമേറ്റഡ് റാപിഡ് ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തിനായി ചെലവഴിക്കുന്നത്. ഡ്രൈവറില്ലാതെ മേല്‍പ്പാതയിലൂടെ ഓടുന്ന പോഡ് ടാക്സിയില്‍ ആറുപേര്‍ക്കാണ് യാത്ര ചെയ്യാനാകുക.
3.5 മീറ്റര്‍നീളവും 1.47 മീറ്റര്‍വീതിയും 1.8 മീറ്റര്‍ ഉയരവുമായിരിക്കും പോഡ് ടാക്സികള്‍ക്കുണ്ടാവുക.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ബാന്ദ്ര, കുര്‍ള റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 38 സ്റ്റേഷനുകളാകും പോഡ് ടാക്സിക്കുണ്ടാവുക.
മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡിവലപ്‌മെന്റ് അതോറിറ്റി പദ്ധതി അംഗീകരിച്ചതോടെ ടെൻഡര്‍ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് അധികൃതർ അറിയിച്ചത്.സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും പറയപ്പെടുന്നു.അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ, ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളം, ദക്ഷിണ കൊറിയയിലെ സണ്‍ചിയോണ്‍-സി തുടങ്ങിയസ്ഥലങ്ങളില്‍ പോഡ് ടാക്സി സംവിധാനമുണ്ട്.