കലാഭവൻ മണി എന്ന കനൽപൂവ്

At Malayalam
2 Min Read

കലാഭവൻ മണി മലയാളികൾക്ക് ശരിക്കും ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് മണി വിട പറഞ്ഞതിനു ശേഷമായിരുന്നു എന്നതാണ് വസ്തുത. ആ മരണത്തിൽ തകർന്ന മലയാളി ഒഴുക്കിയ കണ്ണുനീർ ചില്ലറയല്ല. മണിയുടെ വീടും, പാടി എന്നു വിളിപ്പേരുള്ള ഔട്ട് ഹൗസു മുതൽ മണി ഉപയോഗിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിനും ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോയ്ക്കും വിവിധ തരം വാഹനങ്ങൾക്കും വരെ ആരാധകരുണ്ടായി. മണിയുടെ പ്രസിദ്ധമായ ചിരിയും ആരെയും മയക്കുന്ന പാട്ടുകളും വേദികളിൽ ആളെക്കൂട്ടുന്നതിനുള്ള വഴി മരുന്നായി. നാടൻ പാട്ടുകൾക്ക് തനതായ ഒരിടം ഈ കാലത്തും ഒരുക്കി നൽകിയതിൽ മണിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി കുന്നിശ്ശേരി വീട്ടിൽ രാമൻ മകൻ മണി , തൻ്റെ പ്രശസ്തമായ പാട്ടുകളിലൊന്നിലെ വരികൾ പോലെ ‘പകലു മുഴുവൻ പണിയെടുത്ത് ‘ വന്ന ഒരു തലമുറയിലെ ദാരിദ്ര്യത്തിൻ്റേയും ഇല്ലായ്മയുടേയും പച്ചയായ വിശപ്പിൻ്റേയും പ്രതിനിധി തന്നെയായിരുന്നു ; അത് തുറന്നു പറയുന്നതിന് മണിക്ക് മടിയേതുമില്ലായിരുന്നു , വന്നു ചേർന്ന താരഭാരമൊന്നും അതിനു തടസമായതുമില്ല. അതുകൊണ്ടായിരിക്കാം തൻ്റെ മുന്നിൽ കൈ നീട്ടിയവർക്കെല്ലാം കയ്യിലുള്ളതെന്തും വാരിക്കോരി അയാൾ നൽകിയത്. രാവേറെ ചെല്ലുവോളം തൊണ്ട കീറി പാടിയതിൻ്റെ പ്രതിഫലം എണ്ണാൻ പോലും നിൽക്കാതെ സ്റ്റേജിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്ന ആവശ്യക്കാരൻ്റെ കൈകളിൽ ഇടം കൈ അറിയാതെ തിരുകി വച്ചു കൊടുത്തിട്ടുള്ളതും.

- Advertisement -

കലാഭവൻ മണി മലയാളികളുടെ ഇഷ്ടനായകനായിരുന്നു , ഹാസ്യനടനായിരുന്നു, ഗായകനായിരുന്നു , വില്ലനായിരുന്നു, മിമിക്രിക്കാരനായിരുന്നു സർവ്വോപരി സാധാരണക്കാരുടെ ഇടയിലെ അതിസാധാരണക്കാരനായിരുന്നു. 250 ലേറെ മലയാള ചിത്രങ്ങൾ. കൂടാതെ തമിഴ്, തെലുങ്ക് , കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലാകെ മണി നിറസാന്നിധ്യമായിരുന്നു. കസറ്റുകളുടെ വിപണി സാധ്യതയുടെ പ്രത്യക്ഷ ഉദാഹരണം കൂടിയായിരുന്നു ഒരു കാലത്ത് കലാഭവൻ മണി. നീട്ടിയുള്ള ചിരിയും നാടൻ തനിമ തുളുമ്പുന്ന ഈണങ്ങളും മണിയെ ബോക്സോഫീസിൻ്റേയും ‘മണി’ യാക്കി.

അപ്രതീക്ഷിതമായിരുന്നു കലാഭവൻ മണിയുടെ വിടവാങ്ങൽ. അല്ലറ ചില്ലറ ആരോഗ്യപ്രശ്നങ്ങൾ എന്നു കരുതിയ മലയാളത്തെ ഞെട്ടിച്ചു കൊണ്ട് 2016 ലെ മാർച്ച് മാസം ആറാം തീയതി മണി കാലയവനികക്കുള്ളിൽ മറഞ്ഞു. കലാകേരളം ഒന്നാകെ നെഞ്ചു കീറി കരഞ്ഞ ദിനങ്ങൾ. ഇപ്പോഴും മണി , ആരാധകർക്ക് ഒരു വികാരമാണ്. മണിയെ പോലെ വേഷം ധരിക്കുന്നവർ, പൊട്ടു തൊടുന്നവർ , പാട്ടു പാടുന്നവർ , ഓട്ടോറിക്ഷകളിൽ മണിയുടെ ചിത്രങ്ങൾ പതിപ്പിച്ചവർ. അങ്ങനെ മണി ഇന്നും നമുക്കിടയിൽ സജീവം , ഒപ്പം ‘ങ്യാ …ഹ…. ഹ’ എന്ന് കാതിൽ വീഴുന്ന മണികിലുക്കം പോലുള്ള ആ ചിരിയും.

Share This Article
Leave a comment