ടേക്ക് ഓഫിനൊരുങ്ങി മലയാളിയുടെ വിമാനക്കമ്പനി

At Malayalam
1 Min Read

വ്യോമയാന രംഗത്തു ചിറകുവരിക്കാൻ‌ മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. മാർച്ച് രണ്ടിനു ഗോവയിൽനിന്നു ബെംഗളൂരുവിലേക്കു വിമാനം പറന്നു. ഫ്രഞ്ച് – ഇറ്റാലിയൻ വിമാനമായ എടിആർ-72-600 പാട്ടത്തിനെടുത്താണു സർവീസ്. ഓരോ വർഷവും ആറു മുതൽ എട്ടുവരെ എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്തും. 70 യാത്രക്കാരെ വരെ വഹിക്കാൻ ആകുന്ന വിമാനമാണിത്.

ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും കമ്പനി പ്രവർത്തിക്കുക. കൺവർജന്റ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണിക് കോഡ് ആയ +91 എന്നതിൽ നിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്. കിങ്ഫിഷറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മനോജ് ചാക്കോ പ്രവർത്തിക്കുന്ന സമയത്താണ് കിങ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളർന്നത്. എമിറേറ്റ്സ് എയർലൈൻസിലും പ്രവർത്തിച്ചിട്ടുണ്ട്. 55–90 മിനിട്ടായിരുന്നു ഒരു ഫ്ലൈ 91 വിമാനത്തിന്റെ യാത്രദൈർഘ്യം. 18 വരികളിലായിട്ടാകും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുക.

Share This Article
Leave a comment