എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായും, വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതാപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്‌ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇന്‍ഫ്‌ളുവന്‍സയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു. വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തി വരുന്നതായി മന്ത്രി അറിയിച്ചു.