പാകിസ്ഥാനിൽ ശക്തമായ മഴയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 32 മരണം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. വ്യാഴാഴ്ച രാത്രി മുതൽ ഇവിടെ 27 പേർ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചു. പ്രവിശ്യയിലെ നിരവധി വീടുകൾ തകർന്നു. ശക്തമായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം താറുമാറായി. പാകിസ്ഥാനെയും ചൈനയേയും ബന്ധിപ്പിക്കുന്ന കാരകോറം ഹൈവയിലും ഗതാഗതം തടസപ്പെട്ടു. ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.