കഴിഞ്ഞ വർഷം ജൂണിൽ ആഗോളതലത്തിലും പിന്നീട് ഇന്ത്യയിലും ലോഞ്ച് ചെയ്ത, നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോണായ നോക്കിയ ജി42 5ജിയുടെ (Nokia G42 5G) പുതിയ 128 ജിബി സ്റ്റോറേജ്+ 4 ജിബി റാം (2 ജിബി അധിക വെർച്വൽറാം) വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് ഒക്ടോബറിൽ 8 ജിബി റാമിനൊപ്പം (8 ജിബി അധിക വെർച്വൽ റാം) 256 ജിബി സ്റ്റോറേജ് വേരിയന്റും പുറത്തിറക്കി.
നോക്കിയ G42 5ജിയുടെ പുതിയ 6GB (2GB വെർച്വൽ റാം) + 128GB വേരിയൻ്റ് സോ പർപ്പിൾ ആൻഡ് സോ ഗ്രേ നിറങ്ങളിൽ ലഭ്യമാകും. ഇത് Amazon.in, HMD.com എന്നിവ വഴിയാണ് വാങ്ങാൻ ലഭ്യമാകുക. മാർച്ച് 8ന് രാജ്യാന്തര വനിതാ ദിനത്തിലാണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുക.
നോക്കിയ G42 5ജിയുടെ പ്രധാന സവിശേഷതകൾ: 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ സവിശേഷതകളുമായി 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് നോക്കിയ ജി42 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 13ൽ ആണ് പ്രവർത്തനം. രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ 5ജി സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിരിക്കുന്നു.
ബജറ്റ വിലയിലാണ് അതരിപ്പിപ്പിരിക്കുന്നത് എങ്കിലും നോക്കിയ ജി42 5ജിയുടെ ക്യാമറ ഉൾപ്പെടെ ഉള്ളവ സാമാന്യം നിലവാരം പുലർത്തുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണംതന്നെ ഈ ബജറ്റ് ഫോണിൽ നോക്കിയ വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നോക്കിയ ജി42 5ജിയിൽ ഉണ്ട്. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കാൻ IP52-റേറ്റഡ് ബിൽഡും ഈ നോക്കിയ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. 5000mAh ബാറ്ററിയാണ് നോക്കിയ G42 5Gയിൽ ഉള്ളത്. ഇത് 20W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നു.
ബോക്സിൽ, സോഫ്റ്റ് കെയ്‌സും 20W ചാർജറും ലഭിക്കും. 5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് നോക്കിയ ജി42 5ജിയുടെ കണക്ടിവിറ്റി ഫീച്ചറുകളിൽ വരുന്നത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിലുണ്ട്.
നോക്കിയ ജി42 5ജിയുടെ പുതിയ 4GB റാം+ 128GB സ്റ്റോറേജ് മോഡലിന് 9999 രൂപയാണ് വില. പുതിയ വേരിയന്റ് എത്തിയതോടെ നോക്കിയ ജി42 5ജി 10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന 5ജി സ്മാർട്ട്ഫോണായി മാറി എന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ 10000 രൂപ വിലയിലുള്ള 5ജി സ്മാർട്ട്ഫോണുകളുടെ പട്ടിക വലുതായി എന്നുപറയാം.