ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാർച്ച് നാലിനു പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. ചര്‍ച്ചകള്‍ക്കായി കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയ്ക്കു പോകും.
ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് സുധാകരനും സതീശനും ഡല്‍ഹിയിലെത്തുന്നത്. ഹരീഷ് ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരനും അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ പേരാണ് സമര്‍പ്പിച്ചത്.
കേരളത്തില്‍ കോണ്‍ഗ്രസ് 16 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച 15 മണ്ഡലങ്ങളിലേക്കും ഒറ്റപ്പേരു മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. സിറ്റിങ്ങ് എം പിമാരെയെല്ലാം മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ആലപ്പുഴ സീറ്റില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ സ്‌ക്രീനിങ് കമ്മിറ്റി നിര്‍ദേശിക്കാത്തത്.
ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി വീണ്ടം മത്സരിച്ചാല്‍ ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. കണ്ണൂരില്‍ മത്സരത്തിനില്ലെന്ന് കെ സുധാകരനും അറിയിച്ചിട്ടുണ്ട്. സുധാകരന്റെ ആവശ്യം അംഗീകരിച്ചാല്‍ കണ്ണൂരിലും പുതിയ സ്ഥാനാര്‍ത്ഥി വരും.