യു ട്യൂബ് കണ്ട് കാട്ടിൽ കയറി, പുലിവാലായി

At Malayalam
1 Min Read

ഉള്‍വനത്തില്‍ അനധികൃതമായി ട്രക്കിംഗ് നടത്തിയ എട്ടംഗ സംഘത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് താമരശ്ശേരി റെയ്ഞ്ചിലെ എടത്തറ സെക്ഷന്‍ പരിധിയിലെ വെള്ളരിമല ഉള്‍വനത്തിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സംഘം കാട്ടിലായിരുന്നു.

രാമനാട്ടുകര സ്വദേശികളായ കൊളോറക്കുന്ന് സത്യന്‍, പ്രണവം വീട്ടില്‍ ടി.കെ ബ്രിജേഷ്, പിലാക്കാട്ട് പറമ്പ് അമൃത ഹൗസില്‍ വി. അമിത്ത്, പുതുക്കോട് പള്ളിപ്പുറത്ത് പുറായില്‍ പി.പി ഗോപി, ഐക്കരപ്പടി കൊല്ലറപ്പാലി സതീഷ്, വൈദ്യരങ്ങാടി വരിപ്പാടന്‍ കെ. ജയറാം, മുത്തപ്പന്‍പുഴ ആദിവാസി കോളനിയിലെ ഹരിദാസന്‍, ഗോപി എന്നിവരാണ് പിടിയിലായത് വനത്തെക്കുറിച്ച് നല്ല ധാരണയുള്ള ഹരിദാസനെയും ഗോപിയെയും സ്വാധീനിച്ചാണ് ആറംഘ സംഘം ഉള്‍വനത്തില്‍ പ്രവേശിച്ചത്.

യൂ ട്യൂബിൽ കണ്ടിഷ്ടപ്പെട്ട വെള്ളരിമല സംബന്ധിച്ചുള്ള വീഡിയോകളാണ് ഇവരെ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ഇവിടേക്ക് പ്രവേശനം നിരോധിച്ചതാണ് എന്ന് മനസ്സിലാക്കിയതോടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഹരിദാസനെയും ഗോപിയെയും ഇവർ സമീപിക്കുകയായിരുന്നു.

വെള്ളരിമലയില്‍ ട്രക്കിംഗ് നടത്തുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കിയതെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിമല്‍ പറയുന്നു.സംരക്ഷിത വനമേഖലയില്‍ അനധികൃതമായി പ്രവേശിച്ചു എന്ന കുറ്റത്തിന് എട്ടു പേര്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. നിരവധി വന്യമൃഗങ്ങളുടെ സാനിധ്യമുള്ള പ്രദേശമായതിനാല്‍ അപകട സാധ്യത കൂടുതലാണ്. റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

- Advertisement -
Share This Article