ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. അസമിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമിയും രാജിവെച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി.
ഗോസ്വാമി ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. റാണാ ഗോസ്വാമിയെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ റാണ ഗോസ്വാമിയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
റാണ ഗോസ്വാമി അസമിലെ കരുത്തനായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹിച്ചാല്‍, ഊഷ്മളമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. റാണ മുഖ്യമന്ത്രി ഹിമന്ദയുമായും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചിയും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ ഉപേക്ഷിക്കുന്നതായി ബാഗ്ചി അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിന്റെ രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് ബാഗ്ചി കുറ്റപ്പെടുത്തുകയും ചെയ്തു.