ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി കുറച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍. കൂടാതെ പെട്രോള്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുമായുള്ള മത്സരം കടുപ്പിച്ച് കൊണ്ടുമാണ് വിവിധ മോഡലുകളുടെ വില ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുന്നത്.
അടുത്തിടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍ വില കുറച്ചത്. ഇലക്ട്രിക് ബാറ്ററിയുടെ ചെലവ് കുറഞ്ഞതും വില കുറയ്ക്കാന്‍ ഒരു പ്രധാന കാരണമാണ്. ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ, ഒകായ ഇ വി എന്നി പ്രമുഖ കമ്പനികളാണ് പ്രധാനമായും അവരുടെ വിവിധ മോഡലുകളുടെ വില കുറച്ചത്.ഒലയുടെ വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെയാണ് വില കുറച്ചത്. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്ലസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. വില കുറച്ചതിനു പിന്നാലെ ബുക്കിങ് വര്‍ധിച്ചതായി കമ്പനി അവകാശപ്പെട്ടു.
ഏഥര്‍ എനര്‍ജി 20,000 രൂപയാണ് കുറച്ചത്. 450എസ് മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയാണ് കുറച്ചത്. ബജാജ് ഓട്ടോയുടെ ചേതക് സ്‌കൂട്ടറും ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ ലഭ്യമാകുന്നത്.ജനുവരിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 81,608 സ്‌കൂട്ടറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വര്‍ധന. മൊത്തം ഇരുചക്ര വാഹന വിപണിയുടെ 4.5 ശതമാനം മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിഹിതം.വില കുറച്ചതോടെ പെട്രോള്‍ സ്‌കൂട്ടറുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം 60 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 80 ശതമാനമായിരുന്നു. ഇത് വലിയ മാറ്റമായി കാണാന്‍ കഴിയില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് തന്നെയാണ് ആധിപത്യം. ഹോണ്ട ആക്ടീവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജുപീറ്റര്‍ എന്നിവയാണ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍.