ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ് ആര്‍ അശ്വിന്‍. ഏറ്റവും വേഗത്തില്‍ 350 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളര്‍, ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ , കൂടാതെ അഞ്ചു വിക്കറ്റു നേട്ടത്തില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പവും അശ്വിന്‍ എത്തിയിരിക്കുകയാണ്. ആദ്യ രണ്ടു റെക്കോര്‍ഡിലും പിന്നിൽ പോയത് കുംബ്ലെ തന്നെ.
ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഏറെ നാളായി ഇതിഹാസ താരം അനില്‍ കുംബ്ലെ സ്വന്തമാക്കി വച്ച റെക്കോര്‍ഡാണിത്. ഇന്ത്യന്‍ മണ്ണില്‍ കുംബ്ലെ 63 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 350 ടെസ്റ്റ് വിക്കറ്റുകള്‍. അശ്വിന്‍ 59 ടെസ്റ്റുകള്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ചു വീഴ്ത്തിയത് 354 വിക്കറ്റുകള്‍.
അതിവേഗം 350 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് മറ്റൊന്ന്. 59ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്താന്‍ അശ്വിനായി. കുംബ്ലെ 63 ടെസ്റ്റുകളില്‍ നിന്നാണ് 350ല്‍ എത്തിയത്.
അഞ്ചു വിക്കറ്റ് നേട്ടം 35ാം തവണ സ്വന്തമാക്കിയാണ് റാഞ്ചിയില്‍ അശ്വിന്‍ തിളങ്ങിയത്. കുംബ്ലെയും ഇത്രയും തവണ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അടുത്ത ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ അശ്വിന് ഈ റെക്കോര്‍ഡും സ്വന്തം പേരിലേക്ക് മാറ്റാനും കഴിയും.