ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനും നിക്ഷേപകനുമായ ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശനാണയ വിനിമയചട്ട ലംഘനം ഉൾപ്പടെയുള്ള കേസുകൾ നിലവിലുള്ള സാഹചര്യത്തിൽ ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാനുള്ള നീക്കമാണ് ഇഡി നടത്തിയത്. കമ്പനിയിൽ നിന്ന് നീക്കാനായി മാർക്ക് സക്കർബർഗ് ഉൾപ്പടെയുള്ള ഓഹരിഉടമകൾ നാളെ യോഗം വിളിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. യോഗത്തിലേക്ക് ബൈജുവിന് ക്ഷണമില്ല.
ഇതിനെതിരെ ബൈജു കർണാടക ഹൈക്കോടതിയെ സമീപിക്കുകയും, കേസിൽ ഉത്തരവുണ്ടാകുന്നതുവരെ നാളത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2011 മുതൽ 2023 വരെ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ എഫ്ഡിഐ ലഭിച്ചുവെന്നും, അതേ കാലയളവിൽ വിദേശത്ത് നേരിട്ടുള്ള നിക്ഷേപത്തിലൂടെ ഏകദേശം 9,754 രൂപ അയച്ചുവെന്നും നേരത്തെ ഇഡി ആരോപിച്ചിരുന്നു.