ഓർമയിലെ ഇന്ന്: ഫെബ്രുവരി 21- ലോക മാതൃഭാഷാദിനം

At Malayalam
1 Min Read

1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതല്‍ ഈ ദിനം ആചരിച്ചു പോരുന്നു.ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില സമൂഹങ്ങൾ തനിമയോടെ നിലനില്‍ക്കണമെങ്കില്‍ അവരുടെ മാതൃ ഭാഷയും നിലനില്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാന്‍ കാരണം.1952 ല്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ അന്നു രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന ബംഗ്ലാദേശിന്റെ ഭാഷയായ ബംഗ്ല കൂടി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഇന്നത്തെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രക്ഷോഭം നടത്തുകയും അതിനെ അടിച്ചമര്‍ത്താന്‍ നടത്തിയ വെടിവയ്പ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തത് ഫെബ്രുവരി 21 ന് ആയിരുന്നു. അങ്ങനെ ഈ ദിനം ലോക മാതൃഭാഷാ ദിനത്തെ പ്രതിനിധീകരിക്കാൻ തുടങ്ങി.

മാതൃഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ഈ രാജ്യസ്നേഹികളുടെ സ്മാരകമായഷഹീദ് മിനാറില്‍ ( ധാക്ക ) ഈ ദിനത്തില്‍ പുഷ്പങ്ങളര്‍പ്പിച്ച് ആദരവ് പ്രകടിപ്പിക്കും. ആ സ്ട്രിലിയയിലെ സിഡ്നി ആഷ്ഫീല്‍ഡ് പാര്‍ക്കിലും ഒരു ലോകമാതൃഭാഷാദിന സ്മാരകമുണ്ട്. ഫെബ്രുവരി 21 ലെ രക്തസാക്ഷികളെ സ്മരിക്കുന്നു എന്ന് ഇംഗ്ളിഷിലും ബംഗ്ല ഭാഷയിലും ഇവിടെ എഴുതിവച്ചിട്ടുമുണ്ട്. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ജോലിയ്ക്കായും മറ്റും മറ്റു ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയാളിക്ക് അന്യ ഭാഷകളും സ്വായത്തമാക്കിയേ മതിയാകൂ എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ഇന്നത്തെ മാതൃഭാഷയോടുള്ള അവഗണന ദു:ഖകരമാണ്. മാതൃഭാഷയായ മലയാളം അഭ്യസിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി ഓരോ മലയാളിക്കും ഉണ്ടാകേണ്ടതാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തെ മുറുകെപ്പിടിക്കാന്‍ മാതൃഭാഷയുടെ പിന്‍ബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവുണ്ടാവണം.

- Advertisement -
Share This Article
Leave a comment