പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു വഴി ഇതുവരെ കടന്നു പോയത് ഏകദേശം 8.13 ലക്ഷം വാഹനങ്ങൾ. ഇവയിൽ നിന്ന് ടോളിനത്തിൽ 13.95 കോടി രൂപ വരുമാനം ലഭിച്ചതായി റിപ്പോർട്ട്.
ഈ വർഷം ജനുവരി 12 നും ഫെബ്രുവരി 13 നും ഇടയിൽ 8,13,774 വാഹനങ്ങൾ ഈ കടൽപാലം ഉപയോഗിച്ചതായി ന്യൂസ് 18ന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു. 13,95,85,310 രൂപയാണ് ഈ കാലയളവിൽ ടോൾ ഇനത്തിൽ ആകെ ലഭിച്ചത്. കഴിഞ്ഞ മാസം ഏകദേശം 7.97 ലക്ഷം കാറുകൾ കടൽപാലം ഉപയോഗിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
മൾട്ടി ആക്‌സിൽ വാഹനങ്ങളും വൻതോതിൽ പാലം ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡാറ്റ അനുസരിച്ച് കൂടുതലും കാറുകളാണ് കടൽപാലം കടന്നുപോയത്. കാറുകളെ അപേക്ഷിച്ച് വലിയ വാഹനങ്ങളുടെ എണ്ണം കുറവാണ്. 21 ഓവർസൈസ് വാഹനങ്ങളും 5,709 മൾട്ടി ആക്‌സിൽ വാഹനങ്ങളും മാത്രമാണ് അടൽ സേതു ഇതുവരെ ഉപയോഗിച്ചത്. മൊത്തം 2,172 ത്രീ ആക്‌സിൽ വാഹനങ്ങളും സ്വകാര്യ ബസുകളും ട്രക്കുകളുമടക്കം 4,778 വാഹനങ്ങളും, 3,516 മിനി ബസുകളും അടൽ സേതു വഴി കടന്നു പോയി.
ആദ്യ മാസത്തിൽ അടൽ സേതു പരമാവധി വരുമാനം നേടിയത് ഫാസ്റ്റ് ടാഗിൽ നിന്നാണ്. 13,70,96,815 രൂപയാണ് ഫാസ്റ്റ് ടാഗ് വഴി ടോൾ ഇനത്തിൽ ലഭിച്ചത്. ഇതേ കാലയളവിൽ പാലത്തിൽ നിന്ന് 87,04,925 രൂപ പണമായും ടോൾ ഇനത്തിൽ പിരിച്ചെടുത്തു. വാഹനങ്ങളിൽ ഫാസ്റ്റ് ടാഗുകൾ ഇല്ലാത്തതിന് ടോൾ പ്ലാസയിൽ വച്ച് 1,50,99,160 രൂപയാണ് വാഹനമോടിക്കുന്നവരിൽ നിന്ന് പിരിച്ചെടുത്തത്. ഫാസ്റ്റ് ടാഗുകൾ ആക്ടീവല്ലാത്തതിനാൽ പണമായി ടോൾ അടയ്‌ക്കേണ്ടി വന്ന വാഹനമോടിക്കുന്നവരിൽ നിന്ന് എംഎംആർഡിഎ 62,16,430 രൂപയും പിരിച്ചെടുത്തു.
368 ഹൈ സ്പീഡ് ക്യാമറകളിൽ ഏകദേശം 1,200 വാഹനങ്ങൾ അനുവദനീയമായ 100 കിലോമീറ്റർ വേഗത മറികടന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സെഡാൻ ക്ലാസ് വാഹനമാണ് അനുവദനീയ പരിധി കടന്ന് ഏറ്റവും കൂടുതൽ വേഗതയിൽ കടന്നു പോയത്. 195 കിലോമീറ്റർ വേഗതയിലാണ് ഈ കാർ പാലം കടന്നു പോയത്. വാഹനത്തിൻ്റെ വിശദാംശങ്ങൾ അധികൃതർ പങ്കുവച്ചിട്ടില്ല.
ക്യാമറയിൽ പതിഞ്ഞ വാഹനങ്ങളിൽ 20 ശതമാനവും 125 മുതൽ 170 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചവയാണ്. എംഎംആർഡിഎ ഡ്രൈവർമാരുടെ വിവരങ്ങൾ സഹിതം ഇക്കാര്യം ട്രാഫിക് പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും.
24×7 കൺട്രോൾ റൂം പാലത്തിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടെയും വേഗത നിരീക്ഷിക്കുന്നുണ്ട്. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള നൂതന ക്യാമറകൾ സൂം സംവിധാനം ഉപയോഗിച്ച് വാഹനത്തിൻ്റെ വേഗത തുടർച്ചയായി നിരീക്ഷിക്കും. അതിനാൽ ക്യാമറകൾക്ക് സമീപം മാത്രം വേഗത കുറച്ചിട്ടും കാര്യമില്ല. കൂടാതെ വാഹനമോടിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാൻ കഴിയുന്ന ആറ് ഹെൽപ്പ് ലൈൻ സ്പീക്കറുകളും പാലത്തിൽ എംഎംആർഡിഎ സ്ഥാപിച്ചിട്ടുണ്ട്.