യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് നല്കാൻ എയർ ഇന്ത്യ. എന്നാൽ എല്ലാവർക്കും ഈ കിഴിവ് ലഭിക്കില്ല. ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മാത്രമാണ് ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുക.
ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല, എക്‌സ്‌പ്രസ് ചെക്ക്-ഇൻ, കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാൻ ഇതുമൂലം യാത്രക്കാർക്ക് കഴിയുന്നു. കൂടാതെ +15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്‌ത വിലകളിൽ ഗണ്യമായ കിഴിവ് കൂടാതെ +3 കിലോഗ്രാം ക്യാബിൻ ബാഗേജ് അലവൻസും നൽകുന്നു.
65 വിമാനങ്ങളുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്.
എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകൾ ആരംഭിക്കുന്നതിലൂടെ ഇന്ത്യയിൽ ഒരു പുതിയ യാത്ര സംസ്കാരം വളർത്തുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു.