ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ കമ്പനി എഐ രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് കമ്പനി ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷന്‍ ടൂളായ ‘സോറ’ അവതരിപ്പിച്ചത്. ഇപ്പോഴിതാ വെബ് സെര്‍ച്ചില്‍ ഗൂഗിളിനോട് ഓപ്പണ്‍ എഐ നേരിട്ട് മുട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് ഓപ്പണ്‍ എഐ സ്വന്തമായ വെബ് സെര്‍ച്ച് ടൂള്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐ സെര്‍ച്ച് രംഗത്ത് എതിരാളിയായ ഗൂഗിളിനോട് മത്സരിക്കുമെന്നും ഓപ്പണ്‍ എഐയുടെ എഐ വൈദഗ്ദ്യം അതില്‍ കമ്പനിയ്ക്ക് വലിയൊരു മുതല്‍കൂട്ടാവുമെന്നും ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ഓപ്പണ്‍ എഐ വെബ് സെര്‍ച്ച് മേഖലയില്‍ ഗൂഗിളിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഗൂഗിളും സെര്‍ച്ചില്‍ ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ പിന്‍ബലത്തില്‍ ഓപ്പണ്‍ എഐയുടെ സെര്‍ച്ച് ടൂളിന് അധികബലം ലഭിക്കും.
മൈക്രോസോഫ്റ്റിന്റെ ബിങ് അടിസ്ഥാനമാക്കിയായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് ടൂള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷനൊപ്പമായിരിക്കാം ഓപ്പണ്‍ എഐ സെര്‍ച്ച് ഫീച്ചര്‍ വാഗ്ദാനം ചെയ്യുക.
ഇതിനകം സെര്‍ച്ച് രംഗത്ത് പ്രാമുഖ്യമുള്ള ബ്രാന്‍ഡാണ് മൈക്രോസോഫ്റ്റ്. 1000 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ഓപ്പണ്‍ എഐയില്‍ നടത്തിയിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഇതിനകം ചാറ്റ് ജിപിടി ഉപയോഗിച്ചിട്ടുണ്ട്. അത് എഡ്ജി ബ്രൗസറിലും ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം സെര്‍ച്ച് ടൂള്‍ അവതരിപ്പിക്കാനുള്ള പദ്ധതി ഓപ്പണ്‍ എഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.