ഇതിഹാസതാരം മൈക്ക് പ്രോക്ടർ വിടവാങ്ങി

At Malayalam
1 Min Read

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു.ഓള്‍റൗണ്ടറായ മൈക്ക് പ്രോക്ടര്‍, ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏഴു ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1966 മുതല്‍ 70 വരെയുള്ള കാലത്തായിരുന്നു പ്രോക്ടര്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മത്സരങ്ങളെല്ലാം.

1970 കളില്‍ വര്‍ണ വിവേചനത്തിന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ പൊടുന്നനെ അസ്തമിച്ചത്.വെടിക്കെട്ട് ബാറ്റിങ്ങ് ശൈലിക്കുടമയായിരുന്ന പ്രോക്ടര്‍, ഫാസ്റ്റ് ബൗളറുമായിരുന്നു. പ്രോക്ടറുടെ ഓള്‍റൗണ്ട് മികവ്, രാജ്യാന്തര തലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച ഏഴു ടെസ്റ്റില്‍ ആറിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടി്‌കൊടുത്തിട്ടുണ്ട്.

ഏഴു ടെസ്റ്റില്‍ നിന്നായി 41 വിക്കറ്റുകളാണ് പ്രോക്ടര്‍ നേടിയത്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 വര്‍ഷം പ്രോക്ടര്‍ കളിച്ചു. ഇതില്‍ 14 സീസണ്‍ ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റര്‍ ഷെയര്‍ ടീമിനൊപ്പമായിരുന്നു. അഞ്ചു സീസണില്‍ നായകനുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഇന്നിംഗ്‌സുകളിലായി ആറു സെഞ്ച്വറികള്‍ എന്ന റെക്കോഡും മൈക്ക് പ്രോക്ടര്‍ കരസ്ഥമാക്കിയിരുന്നു.

വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിലക്കിനു ശേഷം ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ മൈക്ക് പ്രോക്ടര്‍ ദേശീയ ടീമിന്റെ പരിശീലകനായി. 1992 ലെ ലോകകപ്പില്‍ മൈക്ക് പ്രോക്ടറുടെ പരിശീലനത്തിനു കീഴില്‍, ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ വരെയെത്തിയിരുന്നു. 2002 മുതല്‍ 2008 വരെ ഐ സി സി മാച്ച് റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment