ഇന്ത്യയുടെ പുതിയ കാലാവസ്ഥാ ഉപഗ്രഹം ഇൻസാറ്റ്-3ഡിഎസ് നാളെ വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5.35നാണ് വിക്ഷേപണം. ഉപഗ്രഹവുമായി കുതിക്കുന്ന ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ (ജിഎസ്എൽവി) ഐഎസ്ആർഒ മുൻ ചെയർമാൻ നോട്ടി ബോയ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്‍റെ 15 ദൌത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടു. പരാജയ നിരക്ക് 40 ശതമാനമാണ്. 2023 മെയ് 29 ന് ജിഎസ്എല്‍വിയുടെ അവസാന വിക്ഷേപണം വിജയകരമായിരുന്നു.
കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പിനുമായി കരയുടെയും സമുദ്രത്തിന്‍റെയും ഉപരിതലം നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് പുതിയ കാലാവസ്ഥാ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ അധികൃതർ പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 2,274 കിലോഗ്രാം ഭാരമുണ്ട് ഉപഗ്രഹത്തിന്. ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമാണം. ഇതിന് പൂർണമായും ധനസഹായം നൽകുന്നത് ഭൗമശാസ്ത്ര മന്ത്രാലയമാണ്.