ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരുന്നു. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് ഇന്നത്തെ നേതൃയോഗത്തില്‍ അന്തിമധാരണയിലെത്തിയേക്കും. പ്രമുഖരെ ഇറക്കി പരമാവധി സീറ്റുകള്‍ പിടിക്കാനാണ് സി പി എം ലക്ഷ്യമിടുന്നത്.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയുടെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. വര്‍ക്കല എംഎല്‍എയായ ജോയി നിലവില്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. കൊല്ലത്ത് എം മുകേഷിന്റെയും സി എസ് സുജാതയുടേയും പേരുകൾ ഉയരുന്നുണ്ട്. പത്തനംതിട്ടയില്‍ ഡോ. തോമസ് ഐസക്കിന്റെ പേരാണ് ഉയരുന്നത്.
കൂടാതെ റാന്നിയിലെ മുന്‍ എംഎല്‍എ രാജു എബ്രാഹിന്റെ പേരും പറയുന്നുണ്ട്. ആലപ്പുഴയില്‍ നിലവിലെ എംപി ആരിഫ് വീണ്ടും സ്ഥാനാര്‍ത്ഥിയാകും.ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ചാലക്കുടിയില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആലത്തൂരില്‍ എ കെ ബാലന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.
വടകരയില്‍ കെ കെ ശൈലജയേയും മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.കണ്ണൂരിലും ശൈലജയുടെ പേര് പരിഗണിക്കുന്നുണ്ട്. പി പി ദിവ്യയുടെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട് എളമരം കരീമിന്റെയും കാസര്‍കോട് ടി വി രാജേഷ്, വി പി പി മുസ്തഫ എന്നിവരേയും പരിഗണിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഉണ്ടാകുക.