‘പറക്കും കാറുക’ളുടെ പണിപ്പുരയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി. മാരുതി അതിൻ്റെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഒരു ഇലക്ട്രിക് എയർ കോപ്റ്റർ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജപ്പാൻ, അമേരിക്ക തുടങ്ങിയ വിപണികളിലായിരിക്കും കമ്പനി ആദ്യം വാഹനം അവതരിപ്പിക്കുക. ഡ്രോണുകളേക്കാൾ വലുതും എന്നാൽ സാധാരണ ഹെലികോപ്റ്ററുകളേക്കാൾ ചെറുതായിരിക്കും ഈ മോഡൽ. പൈലറ്റ് ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കും രൂപകൽപ്പന. 1.4 ടൺ ആയിരിക്കും ഭാരം.
ജപ്പാനിലും യുഎസിലും പദ്ധതിക്കായി പുതിയ മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എയർ ടാക്‌സികൾക്ക് ഇന്ത്യൻ വിപണിയിൽ ചെലവ് കുറയ്ക്കാൻ പ്രാദേശിക ഉൽപ്പാദനം കൂടി പരിഗണിക്കുകയാണ് മാരുതി. മോഡൽ പുറത്തിറക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി ചർച്ചകൾ നടന്ന് വരികയാണെന്ന് സുസുക്കി മോട്ടോറിൻ്റെ അസിസ്റ്റൻ്റ് മാനേജർ കെൻ്റോ ഒഗുറയു അറിയിച്ചു. 2025-ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിൽ സ്കൈഡ്രൈവിലായിരിക്കും ഇലക്ട്രിക് എയർ കോപ്റ്ററുകൾ അവതരിപ്പിക്കുക.