ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടി-20 പോരാട്ടത്തിൽ വിൻഡീസിന് ജയം. 37 റൺസിനാണ് കരീബിയൻ പട വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിൻഡീസ് ഉയർത്തിയ 221 എന്ന ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ 183-5 റൺസ് മാത്രമെ എടുക്കാനായുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് ജയവുമായി ഓസീസ് സ്വന്തമാക്കിയിരുന്നു. വെടിക്കെട്ട് അർധസെഞ്ചുറിയുമായി വിൻഡീസ് ബാറ്റിങ്ങിനെ മുന്നിൽ നിന്ന് നയിച്ച ആന്ദ്രേ റസലാണ് മത്സരത്തിലെ താരം.
ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എടുത്തു. അർധസെഞ്ചുറികൾ നേടിയ ആന്ദ്രേ റസലും റുതർഫോർഡുമാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 79 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ നിൽക്കുകയായിരുന്നു അവിടെ നിന്നാണ് ഇരുവരും കൂടി ഒരു മികച്ച കൂട്ടുകെട്ട് ഉയർത്തിയത്. റസൽ 29 പന്തിൽ നിന്ന് ഏഴ് സിക്സിന്റേയും നാല് ബൗണ്ടറിയുടേയും അകമ്പടിയിൽ 71 റൺസ് സ്വന്തമാക്കി. റൂത്ഫോർഡ് 40 പന്തിൽ നിന്ന് 66 റൺസും എടുത്തു. 5 സിസ്കും 5 ഫോറും അദ്ദേഹത്തിന്റ് ബാറ്റിൽ നിന്ന് ഒഴുകിയെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഡേവിഡ് വാർണർ അർധസെഞ്ചുറി നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മധ്യനിരയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. വാർണർ ഒൻപത് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 49 പന്തിൽ 81 റൺസെടുത്തു. വെസ്റ്റിൻഡീസിനായി റൊമാരിയോ ഷെപേർഡും റോസ്റ്റൻ ചേസും രണ്ട് വികറ്റുകൾ വീതം വീഴ്ത്തി.