ഇടപ്പള്ളി – അരൂര്‍ ആകാശപാത 2027 നുള്ളില്‍

At Malayalam
2 Min Read

ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ആകാശപാതയുടെ ടെന്‍ഡര്‍ ഏപ്രിലില്‍ വിളിക്കും. പദ്ധതിയുടെ ഡിപിആര്‍ മാര്‍ച്ചോടെ ഉറപ്പാക്കും. മേയ് മാസത്തോടെ ടെന്‍ഡറുകള്‍ ഉറപ്പിക്കും. ഇതിനു പിന്നാലെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങും. 2027നുള്ളില്‍ ഹൈവേ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ മറ്റൊരു എലിവേറ്റഡ് പാതയുടെ ജോലികളും നടക്കുന്നുണ്ട്. ഇത് 15 കിലോമീറ്റര്‍ നീളമുണ്ട്. രണ്ട് ആകാശപാതകളും ചേര്‍ന്ന് 31 കിലോമീറ്റര്‍ നീളം വരും. അരൂര്‍ – തുറവൂര്‍ ആകാശപാത രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയാണ്.
നിലവിലുള്ള ഇടപ്പള്ളി – അരൂര്‍ ബൈപ്പാസ് നാലുവരിയാണ്. എന്‍എച്ച് 66 എല്ലായിടങ്ങളിലും ആറുവരിയായിരിക്കണം എന്നു നിബന്ധനയുണ്ട്. ഇടപ്പള്ളി അടക്കം നാല് ജങ്ഷനുകളിലെ ഫ്ലൈഓവറുകളെ മറികടന്നുവേണം ഈ എലിവേറ്റഡ് ഹൈവേ പോകാന്‍. കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്ട്രെച്ചാണ് ഇടപ്പള്ളി-അരൂര്‍ പാത. ദിവസവും ഒരു ലക്ഷത്തോളം കാറുകള്‍ ഈ പാതയിലൂടെ കടന്നുപോകുന്നു.

വന്‍ കെട്ടിടങ്ങള്ളുള, കേരളത്തിലെ ഏറ്റവും ഭൂമിവിലയുള്ള മേഖലകളിലൊന്നാണിത്. ഈ പാതയില്‍ ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുക്കുക അസാധ്യമാണ്. ഇക്കാരണത്താലാണ് ആറുവരിപ്പാത ആകാശപാതയാക്കാമെന്ന നിർദേശം വന്നത്.
ഇടപ്പള്ളി-അരൂര്‍ സ്ട്രെച്ചിന്‍റെ പ്രാഥമിക ജോലികള്‍ കഴിഞ്ഞവര്‍ഷം അവസാനത്തോടെ തന്നെ തുടങ്ങിയിരുന്നു. ഡിപിആര്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

- Advertisement -

കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എന്‍എച്ച് 66ന്‍റെ കേരളത്തിലെ ഭാഗത്ത് ഇടപ്പള്ളി-അരൂര്‍ സ്ട്രെച്ച് വലിയ പ്രതിസന്ധിയായിരുന്നു. ഏറെനാളത്തെ ആലോചനകള്‍ക്കു ശേഷമാണ് എലിവേറ്റഡ് പാത എന്ന ആലോചനയിലേക്ക് എത്തിയത്. കേരളവും കര്‍ണാടകയും ഗോവയും മഹാരാഷ്ട്രയും തമ്മില്‍ ഗതാഗതം സുഗമമാക്കുന്ന ഈ പാതയില്‍ കീറാമുട്ടിയായിരുന്ന ഒരു പ്രശ്നത്തിന്‍റെ പരിഹാരത്തിലേക്ക് ഇനി അധികനാളുകളില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ നാല് വരി മുതല്‍ ആറ് വരി വരെ വീതിയുണ്ട് റോഡിന്‍റെ പല ഭാഗങ്ങളിലും. മിക്കയിടങ്ങളിലും സര്‍വീസ് റോഡുകളുമുണ്ട്. എന്നിട്ടും ട്രാഫിക് കുരുക്കിന് യാതൊരു അയവുമില്ല. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലെ ഫ്ലൈഓവറുകള്‍ ഈ പാതയിലെ വാഹനത്തിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ദേശീയപാതയ്ക്കു വേണ്ടി ഈ ഭാഗം ആറുവരിയാക്കിയാലും തിരക്കിന് കുറവൊന്നും പ്രതീക്ഷിക്കാനില്ല. ഇതോടെ താഴെയുള്ള പാത വിട്ട് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാം എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എട്ട് വരി വീതിയിലുള്ള ആകാശപാത നിര്‍മിക്കാനാണ് ആലോചന എന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. റോഡിനു മധ്യത്തില്‍ നിര്‍മിക്കുന്ന തൂണുകളിലൂടെയായിരിക്കും പാത കടന്നുപോകുക. പ്രധാന ജങ്ഷനുകളില്‍ താഴേക്കിറങ്ങാന്‍ റാംപുകളുണ്ടാകും. മുകളിലെ എട്ടുവരിയും താഴെയുള്ള നാലുവരിയും ചേര്‍ന്ന് 12 വരി പാതയുണ്ടാകും. സര്‍വീസ് റോഡുകളും ചേര്‍ത്താല്‍ 14 വരി.

Share This Article
Leave a comment