കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ വെടിവെപ്പ്. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഒരാൾക്ക് ക്രൂര മർദ്ദനം. മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സംഘം ബാർ മാനേജരെ മർദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ ബാർ ജീവനക്കാരായ ഷിജിനും അഖിലിനും വെടിയേറ്റു. ഷിജിന്റെ വയറ്റിൽ രണ്ട് പെല്ലറ്റുകൾ തറച്ചു. അഖിലിന്റെ കാലിനുമാണ് പരിക്കേറ്റത്. ഇരുവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.