മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959-ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍, പാലോറ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് ഗവ: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി.
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതികൊണ്ടാണ് സംഗീത രംഗത്തേക്ക് കടന്നു വന്നത്. ‘എന്‍ക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിക്കൊണ്ടാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. മുന്നൂറില്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഏഴു തവണ ലഭിച്ചിട്ടുണ്ട്.
‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന ചിത്രത്തിന്റെ കഥയും ‘വടക്കുംനാഥന്‍’,’പല്ലാവൂര്‍ ദേവനാരായണന്‍’, ‘കിന്നരിപ്പുഴയോരം’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു. ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. 2010 ഫെബ്രുവരി 10-ന് അദ്ദേഹം അന്തരിച്ചു.