ഇംഗ്ളണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും വ്യക്തിപരമായ ആവശ്യങ്ങൾ മുൻനിറുത്തി മാറിനിന്ന മുൻ നായകൻ വിരാട് കൊഹ്‌ലി ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും കളിക്കില്ലെന്ന് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പരമ്പരയ്ക്ക് മുമ്പ് ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ മാത്രമാണ് തിരഞ്ഞെടുത്തിരുന്നത്. അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള ഇന്ത്യൻ ടീമിനെ ഉടനെ പ്രഖ്യാപിക്കാനിരിക്കുകയാണ്.
ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ലിസ്റ്റിൽ വിരാടും ഉണ്ടായിരുന്നു. എന്നാൽ ജനുവരി 22ന് , ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മൂന്നുദിവസം മുമ്പാണ് ഹൈദരാബാദിലും വിശാഖപട്ടണത്തും കളിക്കാൻ വിരാട് ഉണ്ടാകില്ലെന്ന ബി.സി.സി.ഐയുടെ അറിയിപ്പ് വന്നത്. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് മാറിനിൽക്കുന്നു എന്നുമാത്രമാണ് ബി.സി.സി.ഐ അറിയിച്ചത്.
വിരാട് മൂന്നാം ടെസ്റ്റുമുതൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ വിരാട് കളിച്ചേക്കില്ല എന്ന വാർത്തകൾ വന്നതോടെ രാജ്യത്തിനല്ല വിരാട് പ്രാധാന്യം നൽകുന്നത് എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.