രാജ്യത്തെ ജനസംഖ്യാപരമായ വിശദവും ആധികാരികവുമായ വിവരങ്ങള്‍ ശേഖരിക്കുന്ന കണക്കെടുപ്പാണ് സെന്‍സസ് അഥവാ കാനേഷുമാരി. 1948ലെ സെന്‍സസ് ആക്ട് പ്രകാരം ഇന്ത്യയില്‍ പത്ത് വര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തുക.
സെന്‍സസ് ആക്ട് പ്രകാരം സെന്‍സസ് വിവരങ്ങള്‍ രഹസ്യമാണ്. ജനസംഖ്യാ വിവരങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാക്ഷരത, വിദ്യാഭ്യാസം, വീടുകള്‍, വീട്ടിലുള്ള സൗകര്യങ്ങള്‍, നഗരവത്കരണം, മരണം, ജനനം, പട്ടിക വിഭാഗങ്ങള്‍, മതം, കുടിയേറ്റം, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിപുലമായ വിവരശേഖരം ഇതില്‍ ഉൾപ്പെടുന്നു.
ലോക ജനസംഖ്യയുടെ ആറിലൊന്നു വരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് . യുഎൻ കണക്കുകൾ പ്രകാരം, 2023 ഏപ്രിൽ അവസാനത്തോടെ 1,425,775,850 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയെ ഇന്ത്യ മറികടന്നു.
1951 ഫെബ്രുവരി 9 നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത്. 1951 ഫെബ്രുവരി 28 വരെയാണ് ആദ്യ സെൻസസിൻ്റെ കാലഘട്ടം . അന്ന് രാജ്യത്തെ ജനസംഖ്യ 36,10,88,090 ആയി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷംഓരോ ദശകത്തിലും രാജ്യം സെൻസസിന് സാക്ഷ്യം വഹിക്കുന്നു, 2011 വരെ ഇത് 15 തവണ നടന്നു. 1948 -ലെ സെൻസസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് സെൻസസ് നടക്കുന്നത്. ഇന്ത്യയിലെ സെൻസസ് സമ്പ്രദായത്തിന് ദീർഘകാല ചരിത്രമുണ്ട്. അക്കാലത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിരുന്നതായി ഋഗ്വേദത്തിൽ സൂചനയുണ്ട്. ചാണക്യൻ്റെ തന്ത്രപരമായ ഗ്രന്ഥമായ അർത്ഥശാസ്ത്രവും നികുതി ആവശ്യങ്ങൾക്കായി സെൻസസിൻ്റെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു. മധ്യകാലഘട്ടത്തിൽ, മുഗൾ സാമ്രാജ്യത്തിലെ അക്ബറിൻ്റെ ഭരണകാലത്ത് ചില തരത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിരുന്നതായും രേഖകളുണ്ട്.