രാജ്യത്തിന്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനയ്ക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാവിലെ 10.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള ഹൗസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഉടൻ ജന്തർ മന്തിറിലെ പ്രതിഷേധ വേദിയിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന ലഭിക്കണം, രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടണം, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വീതം പ്രതിവർഷം കുറയുന്നതിൽ നടപടിയുണ്ടാവണം തുടങ്ങിയവയാണ് സമരത്തിലൂടെ മുന്നോട്ട് വച്ച ആശയങ്ങൾ. ഇടക്കല ബജറ്റിൽ വീണ്ടും ഞെരിച്ചുകൊണ്ട് ചെലവുകളുടെ ഭാരം മുഴുവൻ സംസ്ഥാന സർക്കാരിൽ അടിച്ചേൽപ്പിക്കുന്നു എന്നും ലഭിക്കുന്ന വിദേശ സഹായത്തെ കേന്ദ്രം വിലക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങളെല്ലാം സർക്കാരിനോട് പല തരത്തിൽ അവതരിപ്പിച്ചിട്ടും എല്ലാ വഴിക്കും ശ്രമിച്ചിട്ടും ഒരു മറുപടിയുമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് എത്തിയത്. വിവേചനങ്ങൾക്കെതിരെ സംസാരിക്കാതെയിരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌വാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എൻസിപി അധ്യക്ഷൻ ശരത് പാവാർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ, സമാജ് വാദി പാർട്ടി, ജെഎംഎം, ആർജെഡി എന്നീ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.