കരിയറില്‍ ഒട്ടനവധി ഹിറ്റുകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് ഫാസില്‍. അതില്‍ മലയാളികള്‍ ഏറ്റവുമധികം റിപ്പീറ്റ് വാച്ച് ചെയ്ത ഒന്നാണ് 1993 ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ്. മധു മുട്ടം ആയിരുന്നു ഈ എവര്‍ഗ്രീന്‍ ചിത്രത്തിന്‍റെ രചന. ഫാസിലിന്‍റെതന്നെ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങളും എന്നെന്നും കണ്ണേട്ടന്‍റെ എന്ന ചിത്രത്തിന്‍റെ കഥയും മധു മുട്ടത്തിന്‍റേത് ആയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസിലും മധു മുട്ടവും വീണ്ടും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുകയാണ്.
ലതാലക്ഷ്‍മിയുടെ മൂലകഥയെ ആസ്പദമാക്കി മധു മുട്ടമാണ് തിരക്കഥയൊരുക്കുന്നത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തെത്തിയ ലിവിംഗ് ടുഗെതര്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. 2011 ല്‍ തന്നെ പുറത്തെത്തിയ കാണാക്കൊമ്പത്ത് ആണ് മധു മുട്ടം തിരക്കഥയൊരുക്കിയ അവസാന ചിത്രം. പുതിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആരംഭിക്കുമെന്ന് ഫാസിലിനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാസില്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രണ്ട് മാസത്തിനുള്ളില്‍ താരനിര്‍ണ്ണയം പൂര്‍ത്തിയാവും.
മലയാള സിനിമയിലെ ഒരു അത്ഭുത ചിത്രമാണ് മണിച്ചിത്രത്താഴ്. വന്‍ ജനപ്രീതി നേടിയ ചിത്രം 300 ദിവസമാണ് തിയറ്ററുകളില്‍ ഓടിയത്. കന്നഡ, തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്കും ചെയ്യപ്പെട്ടിരുന്നു. ഭൂല്‍ ഭുലയ്യ എന്ന ഹിന്ദി റീമേക്ക് ഒരുക്കിയത് പ്രിയദര്‍ശന്‍ ആയിരുന്നു. ഈ ചിത്രത്തിന്‍റെ ഒരു സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയ ഭൂല്‍ ഭുലയ്യ 2, 2022 ല്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ മൂന്നാം ഭാഗം ഈ വര്‍ഷം ദീപാവലിക്കും എത്തും.