റിസർവ് ബാങ്ക് നടപടി മൂലം വൻ പ്രതിസന്ധി നേരിടുന്ന ഫിൻടെക്ക് കമ്പനിയായ പേടിഎമ്മിനെ സ്വന്തമാക്കാൻ രാജ്യത്തെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഒരുങ്ങുന്നു. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനും ബിൽ പേയ്മെന്റുകൾ നടത്തുന്നതിനും പേടിഎമ്മിന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വാങ്ങാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാൻഷ്യൽ സർവീസസ് തയ്യാറെടുക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പേടിഎമ്മിന്റെ വിപണി മൂല്യത്തിൽ 250 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.
അടുത്ത മാസത്തോടെ പ്രവർത്തനം പൂർണമായും നിലയ്ക്കാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്താണ് പേടിമ്മിനെ ഏറ്റടുക്കാൻ റിലയൻസ് രംഗത്തെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎമ്മിന് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണുള്ളത്. എ,കഴിഞ്ഞ വർഷം നവംബറിലാണ് പേടിഎമ്മിനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ ജിയോ ഫിനാൻഷ്യൽ സർവീസസ് ആരംഭിച്ചത്. പുതിയ സാഹചര്യത്തിൽ ഏറ്റെടുക്കൽ ചർച്ച പൂർവാധികം ശക്തമായി ആരംഭിച്ചെന്ന് വിപണിയിലുള്ളവർ പറയുന്നു. ഇതോടെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി വില ഇന്നലെ കുതിച്ചുയർന്നു.