പാകിസ്ഥാൻ ചാരസംഘടനയായ ഐ. എസ്. ഐയ്ക്ക് ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ചോർത്തിനൽകിയ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശി സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനാണ് ഇയാൾ. ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് സതേന്ദ്രയെ മീററ്റിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര.
വിദേശകാര്യ വകുപ്പ് ജീവനക്കാരിൽനിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ. വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് എ.ടി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇയാൾ. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് രഹസ്യരേഖകൾ സതേന്ദ്ര ചോർത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണത്തോടുള്ള അത്യാർത്തിയാണ് പ്രതിരോധ മന്ത്രാലം, വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള രഹസ്യവിവരങ്ങൾ ഐ.എസ്.ഐയ്ക്ക് കൈമാറുന്നതിലേക്ക് ഇയാളെ നയിച്ചത്.