വ്യാജ ആന്റിബയോട്ടിക്കുകൾ നിർമിച്ച് വിതരണം; മൂന്ന് പേർക്കെതിരെ കേസെടുത്തു

At Malayalam
1 Min Read

വ്യാജ ആന്റിബയോട്ടിക്കുകൾ നിർമിച്ച് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന സംഘം മഹാരാഷ്ട്രയിൽ വലയിൽ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിലേക്കാണ് റാക്കറ്റ് വ്യാജ ആന്റി ബയോട്ടിക്കുകൾ വിതരണം ചെയ്തിരുന്നത്. ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധയിലാണ് കണ്ടെത്തൽ. നാ​ഗ്പൂരിലെ ഇന്ദിരാ​ഗാന്ധി സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ റെയ്ഡിലാണ് സിപ്രോഫ്ലോക്സാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ വ്യാജ ​ഗുളികകൾ കണ്ടെത്തിയത്. 21600 ​ഗുളികകളാണ് പിടിച്ചെടുത്തത്. ​

ലാബിൽ നടത്തിയ പരിശോധനയിൽ ഈ ​ഗുളികകളിൽ മരുന്നിന്റെ കണ്ടന്റുകൾ ഒന്നുമില്ലെന്ന് കണ്ടെത്തി. ഗുജറാത്തിലെ റിഫൈൻഡ് ഫാർമ എന്ന കമ്പനിയിലാണ് മരുന്ന് നിർമിച്ചതെന്നാണ് ലേബലിൽ എഴുതിയിരുന്നത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി തന്നെയില്ലെന്ന് തെളിഞ്ഞു. ഇത്തരം വ്യാജ മരുന്നുകൾ സംഘം നിരവധി ആശുപത്രികളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നു. സംഘത്തിലെ പ്രധാന ആളും കേസിലെ മുഖ്യപ്രതിയുമായ വിജയ് ശൈലേന്ദ്ര ചൗധരി മറ്റൊരു വ്യാജ മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
ലാത്തൂർ സ്വദേശി ​ഹേമന്ത് ധോണ്ഡിപ മുലെ, ഭിവണ്ടി സ്വദേശി മിഹിർ ത്രിവേദി എന്നിവരും കേസിലെ പ്രതികളാണ്. കരാറുകാരെ സ്വാധീനിച്ചാണ് ഇവർ മരുന്ന് ആശുപത്രികളിലെത്തിക്കുന്നത്. മരുന്നിന് ​ഗുണമില്ലെന്ന സംശയത്തെ തുടർന്ന് കൽമേശ്വർ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ലഭിച്ച സിപ്രോഫ്ലോക്സാസിൻ പരിശോധനക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പരിശോധനാ ഫലത്തിൽ മരുന്നുകൾക്ക് യാതൊരു ​ഗുണവുമില്ലെന്ന് തെളിഞ്ഞതോടെ അന്വേഷണം നടത്തി. വ്യാജ രേഖകൾ സമർപ്പിച്ചാണ് തട്ടിപ്പുകാർ മരുന്ന് നിർമാണത്തിന് ലൈസൻ സ്വന്തമാക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകൾ പോലും വ്യാജമായി ഉണ്ടാക്കി മാർക്കറ്റിലെത്തിക്കുന്നുവെന്ന് സംശയിക്കുന്നു

Share This Article
Leave a comment