കേരളത്തിൽനിന്ന് മണ്ണിന്റെ മണമുള്ള അത്തർ

At Malayalam
1 Min Read

കേരളത്തിൽനിന്ന് ഇനി ഉയരും ‘മിട്ടി ക അത്തറിന്റെ’ മനംകവരുന്ന സുഗന്ധം. പുതുമഴ പെയ്യുമ്പോൾ മണ്ണിൽനിന്നു ഉയരുന്നപോലുള്ള ഈ ഗന്ധം വേർതിരിച്ചെടുക്കുന്നതാകട്ടെ ഒരു സസ്യത്തിൽനിന്നും. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ സസ്യത്തിന്റെ പ്രത്യേകഭാഗങ്ങളിൽനിന്നാണ് ഇത് വേർതിരിച്ചത്.
പേറ്റന്റ് നേടാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. പുതുമണ്ണിൽനിന്ന് മണമുയരുന്നത് ചില സുക്ഷ്മജീവികളുടെ സഹായത്തിലാണ്. ഇൗ ജീവികളിലുള്ള ജിയോസ്മിൻ എന്ന ബാഷ്പശീലമുള്ള രാസസംയുക്തമാണ് മണത്തിന് ആധാരം. ഈ മണം ചെടിയുടെ പ്രത്യേക ഭാഗങ്ങളിൽനിന്ന് വേർതിരിച്ചിരിക്കുകയാണിപ്പോൾ.

ഒരു കിലോ ചെടി വാറ്റിയാൽ ഒരു മില്ലി ലിറ്റർ ജിയോസ്മിൻ ഉൾപ്പെട്ട സുഗന്ധതൈലം ലഭിക്കും. ഈ സത്ത് ഉപയോഗിച്ച് 10 ലിറ്റർ പെർഫ്യൂംവരെ ഉണ്ടാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. കെ.ബി. രമേഷ് കുമാർ പറയുന്നു. പേറ്റന്റ് പ്രക്രിയയിലായതിനാൽ സസ്യത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

- Advertisement -

‘മിട്ടി ക അത്തർ’
പുതുമഴ മണ്ണിന്റെ ഗന്ധമുള്ള പെർഫ്യൂമുകൾ നിർമിക്കുന്ന പ്രക്രിയ വളരെ സങ്കീർണവും കൂടുതൽ ചെലവുള്ളതുമാണ്. മഴപെയ്യുമ്പോൾ ലഭിക്കുന്ന മണ്ണ് വാറ്റിയെടുത്താണ് ഇത്തരം പെർഫ്യൂം ഉത്പാദിപ്പിക്കുന്നത്. ‘മിട്ടി ക അത്തർ’ എന്ന പേരുള്ള പെർഫ്യൂം ഉത്തർപ്രദേശിലെ കനൗജിലാണ് ഉത്പാദിപ്പിക്കുന്നത്.

100 കിലോ മണ്ണ് വാറ്റിയാൽ ഒരു മില്ലിലിറ്റർ മാത്രമേ ലഭിക്കൂ. കനൗജിൽ പഠനം നടത്തിയശേഷം ഫ്രാൻസിലെ ഗ്രാസെയിലും ഇതിന്റെ സിന്തറ്റിക് പെർഫ്യൂമുകൾ നിർമിക്കുന്നുണ്ട്. എന്നാൽ, സസ്യത്തിൽനിന്ന് കണ്ടെത്തുന്നത് ആദ്യമാണ്.

വില
സസ്യത്തിൽനിന്നുള്ള ഗന്ധമടങ്ങിയ 20 മില്ലി ലിറ്റർ പെർഫ്യൂമിന് 500 രൂപയാകും വില. മണ്ണിൽനിന്ന് വേർതിരിക്കുന്ന 10 മില്ലി ലിറ്റർ മിട്ടി ക അത്തറിന് 10,000-ന് മുകളിൽ വിലയാകും. തോന്നയ്ക്കൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ പുതിയ പെർഫ്യൂം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എസ്. പ്രദീപ് കുമാർ പറഞ്ഞു.

Share This Article
Leave a comment