മോഹന്‍ലാലിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ബറോസ്. അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം എന്നതാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തുന്ന ഘടകം. വരുന്ന മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം വൈകാന്‍ ഇടയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബറോസ് സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മ്യൂസിക് റെക്കോര്‍ഡിംഗ് സംബന്ധിച്ചാണ് അത്.
കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. ലിഡിയന് ആദ്യമായി ഒരു ഓര്‍ക്കെസ്ട്രല്‍ റെക്കോര്‍ഡിംഗ് നിര്‍വ്വഹിക്കുന്നതും ഈ ചിത്രത്തിന് വേണ്ടിയാണ്. ഇന്ത്യയിലല്ല, മറിച്ച് മാസിഡോണിയന്‍ തലസ്ഥാനമായ സ്കോപിയയിലെ ഫെയിംസ് പ്രോജക്റ്റ് സ്റ്റുഡിയോയിലാണ് ചിത്രത്തിനുവേണ്ടിയുള്ള റെക്കോര്‍ഡിംഗ് നടക്കുന്നത്. റെക്കോര്‍ഡിംഗ് സെഷനില്‍ നിന്നുള്ള ഒരു ചെറു വീഡിയോയും ലിഡിയന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
നേര്, മലൈക്കോട്ടൈ വാലിബന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.