ചെരുപ്പുകള്ളൻ, അതും ലേഡീസ് ചെരുപ്പുകൾ

At Malayalam
1 Min Read

സ്ത്രീകൾക്ക് വീട്ടുമുറ്റത്ത് ചെരുപ്പഴിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ എന്തു ചെയ്യും! സ്ത്രീകളുടെ ചെരുപ്പുകള്‍ മാത്രം അടിച്ചുമാറ്റുന്ന ഒരു കള്ളനെ കൊണ്ട് വലഞ്ഞിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരിയിലെ പെണ്ണുങ്ങൾ. വർഷങ്ങളായി ഈ പരിപാടി തുടർന്നുകൊണ്ടിരിക്കുന്ന ഈ കള്ളൻ ഒടുവിൽ സിസിടിവി ക്യാമറയിൽ മുഖം കാണിച്ചിരിക്കുന്നു. അത്രയും ആയ സ്ഥിതിക്ക് ഉടനേ തന്നെ ആളെ കണ്ടെത്താമെന്നായി നാട്ടുകാരും പൊലീസും. താമരശ്ശേരിയിലെ പെണ്ണുങ്ങൾ വീട്ടുമുറ്റത്ത് ചെരിപ്പ് അഴിച്ചുവച്ചാൽ പിന്നെ നോക്കണ്ട ; സംഗതി പോയതു തന്നെ. ആണുങ്ങളുടെ ചെരുപ്പുകള്‍ ആണെങ്കിൽ എടുക്കുക പോയിട്ട് തിരിഞ്ഞു പോലുംനോക്കില്ല. താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള വീട്ടിൽ നിന്നുവരെ സ്ത്രീകളുടെ ചെരിപ്പ് ഇത്തരത്തില്‍ ഇയാള്‍ അടിച്ചു മാറ്റിക്കളഞ്ഞു.

വയലോരം, കൊടവൂർ, ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് കുറച്ചു കാലങ്ങളായി ഇത്തരത്തിലുള്ള വിചിത്ര മോഷണ പരമ്പര അരങ്ങേറുന്നത്. നാട്ടുകാർ രാത്രികാലങ്ങളിൽ കാവലിരുന്നെങ്കിലും ഉറക്കമിളച്ചത് മിച്ചം. കഴിഞ്ഞദിവസം താമരശ്ശേരി യു പി സ്കൂളിന് പുറകുവശത്തെ വീട്ടിലെ മോഷണ ദൃശ്യങ്ങളാണ് സിസിടിവിയിൽ കിട്ടിയത്. ഇതിൽ കളളന്‍റെ മുഖം ഏതാണ്ട് വ്യക്തമാണ്. വീടിനു പുറത്ത് പെൺകുട്ടികളുടെ ഉണങ്ങാനിടുന്ന വസ്ത്രങ്ങളും പതിവായി മോഷണം പോകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചെരുപ്പ് മോഷ്ടിക്കുന്നതും വസ്ത്രം മോഷ്ടിക്കുന്നതും ഒരെ കള്ളൻ തന്നെയാണെന്നാണ് സംശയിക്കുന്നത്.നേരത്തെ താമരശ്ശേരി പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലെങ്കിലും വിചിത്ര മോഷ്ടാവിനെ കണ്ടെത്താനാവുമെന്നാണ് പൊലീസും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.

Share This Article
Leave a comment