നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. ചോദ്യംചെയ്യൽ ബുധനാഴ്‌ച തന്നെ പൂർത്തിയാക്കി മനുവിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പുത്തൻകുരിശ് ഡിവൈ.എസ്.പി. ഓഫീസിൽ എത്തിയാണ് മനു കീഴടങ്ങിയത്.
പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയപ്പോഴാണ് മനു, യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു.