ഇളയ ദളപതി വിജയ്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോൾ ശക്തമായിരിക്കുകയാണ്.തന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് നിരവധി സാമൂഹിക സത്പ്രവർത്തികൾ കുറേ നാളുകളായി വിജയ് ചെയ്യുന്നുമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഏറെ വൈകാൻ സാധ്യതയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഫെബ്രുവരി ആദ്യ ദിവസങ്ങളിൽ അത് ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും മറ്റു പരിപാടികളും കൊടിയുമൊക്കെ അന്നു പുറത്തിറക്കുമെന്നും ഇന്ത്യയിലെ പല പ്രധാന മാധ്യമങ്ങളും പറയുന്നു.
തമിഴക മുന്നേട്ര കഴകം (റ്റി എം കെ) എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നും അവര്‍ റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തുടനീളം നല്ല അംഗബലമുള്ള ആരാധക സംഘടനയാണ് വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി നിരവധി ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും തുടങ്ങിയിരുന്നു.
ലിയോ എന്ന ചിത്രത്തിൻ്റെ വിജയാഘോഷങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വിജയ് പറയുമെന്ന് കരുതിയെങ്കിലും മൗനം പാലിക്കുകയാണുണ്ടായത്. എന്തായാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജീവ രാഷ്ട്രീയത്തിലേക്ക് വിജയ് എത്തുമെന്നു തന്നെയാണ് തമിഴ്നാട്ടിൽ നിന്നുള്ള ശക്തമായ സൂചന.