ബീഹാറിൽ എൻഡിഎ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാഗഡ്ബന്ധന്‍ സഖ്യ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി പദം ഇന്ന് രാവിലെ രാജിവെച്ചതിന് പിന്നാലെയാണ് ബിജെപി പിന്തുണയോടെ ഒമ്പതാം തവണയും ബീഹാറിന്‍റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 2022ലാണ് എന്‍ഡിഎ സഖ്യം വിട്ട് നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ചേരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റു. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കം സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറില്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.