മലയാള നാടക സംവിധായകനും, നാടക – ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യ കാല പ്രവർത്തകരിൽ ഒരാളുമാണ് അദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത അദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ പ്രഗത്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക- ചലച്ചിത്ര നടിയായ വിജയകുമാരിയാണ് ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന് ഈ പുരസ്കാരം ലഭിച്ചത്. ചലച്ചിത്രനടനും നിയമസഭാംഗവുമായ മുകേഷ്, നടി സന്ധ്യാ രാജേന്ദ്രൻ എന്നിവർ ഒ.മാധവന്റെ മക്കളാണ്.