ജനുവരി 25, ഇന്ത്യയില്‍ ദേശീയ സമ്മതിദായക ദിനമായി (National Voter’s Day) ആചരിക്കുന്നു. ഈ ദിവസം, സമ്മതിദാനാവകാശം (Voting Right) വിനിയോഗിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ (Electoral Process) പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൗരന്മാര്ക്കിടയില് അവബോധം സൃഷ്ടിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI – Election Commission of India) നേതൃത്വം നല്കുന്നു. 18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.
2011ല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍കൈയെടുത്താണ് ദേശീയ സമ്മതിദായക ദിനം ആചരിക്കാന്‍ ആരംഭിച്ചത്. വോട്ടവകാശത്തിന് യോഗ്യരായവരെ തിരിച്ചറിയുന്നതിനും വോട്ടുചെയ്യാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്കുന്നതിനുമായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലത്തിലുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സി എസ് ഒ, മാധ്യമങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ക്ക് വര്‍ഷാവര്‍ഷം ദേശീയ പുരസ്കാരങ്ങള്‍ നല്കുന്നു. വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി വിവിധ ജില്ലകളില്‍ മത്സരങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.