കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ മാത്രമാണ് പ്രതിയെന്ന് പൊലീസ് കുറ്റപത്രം. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.
സർട്ടിഫിക്കറ്റ് നിർമിക്കാൻ ഉപയോഗിച്ച ഫോണിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജിൽ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തിൽ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്.