ബോയിങ്ങിന്റെ വിമാനങ്ങളിൽ പരിശോധന വേണം

At Malayalam
1 Min Read

ബോയിങ്ങിന്റെ കൂടുതൽ 737 വിമാനങ്ങളിൽ പരിശോധന വേണ്ടി വരുമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. ബോയിങ് 737-900ER വിമാനങ്ങളിൽ പരിശോധന നടത്തണമെന്നാണ് ഏജൻസി അറിയിക്കുന്നത്. വിമാനങ്ങളിലെ ഡോർ പ്ലഗുകളിലാണ് കൂടുതൽ പരിശോധന വേണ്ടത്. പല വിമാന കമ്പനികളും പരിശോധനകളിൽ തകരാർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യു.എസ് ഏജൻസിയുടെ നടപടി.


737-900ER ബോയിങ്ങിന്റെ പുതിയ മാക്സ് വിമാനങ്ങളുടെ ഭാഗമല്ല. എങ്കിലും ഈ എയർക്രാഫ്റ്റുകൾക്കും മാക്സിന്റെ ഡോർ പ്ലഗുകളുടെ അതേ ഡിസൈനാണ് നൽകിയിരിക്കുന്നത്. പല വിമാനകമ്പനികളും 737-900ER പരിശോധന നടത്തുകയും തകരാർ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി ചുവടുപിടിച്ചാണ് യു.എസ് വ്യോമയാന അധികൃതരും പരിശോധനക്ക് ഒരുങ്ങുന്നത്.

- Advertisement -

അതേസമയം, യു.എസ് ഏവിയേഷൻ ഏജൻസിയുടെ നിർദേശത്തോട് പൂർണമായും സഹകരിക്കുമെന്ന് ബോയിങ് വക്താവ് അറിയിച്ചു. 2007ലാണ് ബോയിങ് 737-900ER വിമാനം ആദ്യമായി വിൽപന നടത്തിയത്. 2019ലാണ് അവസാന വിമാനം കൈമാറിയതെന്നും ബോയിങ് വക്താവ് കൂട്ടിച്ചേർത്തു.


നേരത്തെ പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അലാസ്ക എയർലൈൻ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ബോയിങ്ങിന്റെ 737-9 മാക്സ് വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ബോയിങ്ങിന്റെ 737 മാക്സ് സീരിസിൽ വിമാനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ 346 പേർ കൊല്ലപ്പെട്ടിരുന്നു. 2018ലും 2019ും ഇന്തോനേഷ്യയിലും എത്യോപയിലുമാണ് വിമാന അപകടങ്ങൾ നടന്നത്.

Share This Article
Leave a comment