വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനിൽകുമാറിനെ തൃശ്ശൂരിൽ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിന് താല്പര്യം. മൂന്നു മുന്നണികൾക്കും നോട്ടമുള്ള തൃശൂരിനായി എൽ ഡി എഫ് ശക്തമായ പ്രചരണ ആസൂത്രണം തുടങ്ങിക്കഴിഞ്ഞു. സി പി ഐ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളായ തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയരായ നേതാക്കൾ മത്സരിക്കാനാണ് അവർ ആലോചിക്കുന്നത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രചരണങ്ങൾക്കു കൂടി തുടക്കമിട്ടാണ് മടങ്ങിയത്. ഇതിന്റെ ചുവടു പിടിച്ചാവും എൻ ഡി എ യുടെ തുടർ പ്രവർത്തനങ്ങൾ. സുരേഷ്ഗോപിക്കെതിരെ സുനിൽ കുമാറിന്റെ മികച്ച പ്രതിച്ഛായയും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തി എന്നതും ഗുണം ചെയ്യുമെന്ന് എൽ ഡി എഫ് കണക്കു കൂട്ടുന്നു.
സി പി ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യതകളിൽ പ്രാഥമിക ചര്‍ച്ചകളും കഴിഞ്ഞ ദിവസം നടന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായി. മാവേലിക്കരയിൽ അഡ്വ. അരുൺ കുമാറിന്‍റെ പേര് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും വയനാട്ടിലും ദേശീയ തലത്തിൽ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളാകും മത്സരിക്കുക . അതല്ലങ്കിൽ പൊതു സ്വീകാര്യതയുള്ളവർ മത്സരിക്കും.