ഓർമയിലെ ഇന്ന് – ജനുവരി 21; വൈക്കം മുഹമ്മദ്‌ ബഷീർ

At Malayalam
2 Min Read

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് ഇന്ന്.

1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു മഹാനായ ആ എഴുത്തുകാരന്റെ ജനനം. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

- Advertisement -

1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. ഏത് സാധാരണക്കാര്‍ക്കും വായിക്കാന്‍ പാകത്തിന് സാധാരണ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ബഷീര്‍ കൃതികള്‍ വീണ്ടും വീണ്ടും വായിക്കാൻ മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു.

മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ ഭാഷയില്‍, സാധാരണക്കാരന്റെ കഥ പറഞ്ഞപ്പോള്‍ അത് കാലാതിവര്‍ത്തിയായി. ലോകമാകെ അലഞ്ഞ് തിരിഞ്ഞ അനുഭവങ്ങളുമായി ബഷീര്‍ എഴുതാനിരുന്നപ്പോള്‍ മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയില്‍ പകര്‍ത്തി. ഭാഷയിലും ശൈലിയിലുമെല്ലാം പുതിയൊരു എഴുത്തു ലോകം തീര്‍ക്കുകയായിരുന്നു അദ്ദേഹം.

നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയില്‍ ബഷീര്‍ കുറിച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. പ്രേമലേഖനവും പാത്തുമ്മയുടെ ആടും ഇമ്മിണി ബല്ല്യ ഒന്നും വിശ്വവിഖ്യാതമായ മൂക്കുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ വായനാനുഭവം തന്നെയായിരുന്നു. ഈ കൃതികളിലൂടെ എഴുത്തിന്റെ ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞു.

നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ തന്നെ സൃഷ്ടിച്ചെടുത്തു. ഇമ്മിണി ബല്യ ഒന്ന്, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു.

1943ല്‍ ഇറങ്ങിയ പ്രേമലേഖനമായിരുന്നു ആദ്യ കൃതി. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, ഭൂമിയുടെ അവകാശികള്‍, ശബ്ദങ്ങള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭാര്‍ഗവീനിലയം … തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

Share This Article
Leave a comment